കൊരട്ടി: ബൈക്ക് വൈദ്യുതി തൂണിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചെറുവാളൂർ ചെരപറമ്പിൽ ആന്റണി - ആനി ദമ്പതികളുടെ മകൻ അലക്സ് (26) ആണ് മരിച്ചത്. കാടുകുറ്റി കാതിക്കുടം പള്ളിക്കുസമീപം ചെറാലക്കുന്ന് - പറയൻക്കുന്ന് റോഡിൽ കഴിഞ്ഞദിവസം രാത്രി 9.50 നായിരുന്നു അപകടം.
സുഹൃത്ത് ഗോകുലിനൊപ്പം ബൈക്കിൽ വരുന്നതിനിടെ ബൈക്ക് നിയന്ത്രണംവിട്ട് റോഡരികിലുള്ള പോസ്റ്റിലിടിച്ചശേഷം സമീപത്തെ പറമ്പിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. പ്രദേശവാസികൾ ഇരുവരെയും കൊരട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ അലക്സിനെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരിക്കേറ്റ ഗോകുൽ ആശുപത്രിയിൽ ചികിത്സയിലാണ്.മരിച്ച അലക്സ് വെൽഡിംഗ്, ഇലക്ട്രിക്കൽ തൊഴിലാളിയാണ്. അലക്സിന്റെ സംസ്കാരം നടത്തി. സഹോദരങ്ങൾ: വിക്ടർ, ലൈസ.